മാദ്യമം ദിന പത്രത്തിലെ ഈ വാര്‍ത്തകള്‍ നിങ്ങള്‍ ഓരോരുത്തരെയും സ്വദീനിക്കും.വളരെ വേദനയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരു ചിത്രം ആണ് ഇരണ്ണിയല്‍ കൊട്ടാരത്തെ കുറിച്ച് ഇവിടെ നല്കിയിരിക്കുനത് .നമ്മുടെ ഓരോരുത്തരുടെയും ചരിത്രം ഉറങ്ങുന്ന ഇതുപോലെയുള്ള സ്മാരകങ്ങള്‍ സംരക്ഷികപെടുനില്ല എന്നതാന്നു സത്യം .ഇതിനേ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതില്‍ ഉള്ള ചിത്രങ്ങള്‍ നമ്മെ സഹായിക്കും .
ചരിത്രം മറന്ന നാഞ്ചിനാടന്‍ വഴികള്‍
ഇതൊരു യാത്രയാണ്. പഴയ തിരുവിതാംകൂറിന്‍െറ നെല്ലറയായ
നാഞ്ചിനാടിന്‍െറ ഹൃദയഭൂമിയിലൂടെയുള്ള യാത്ര. വിസ്മൃതിയിലാണ്ട
ചരിത്രംമാത്രമുള്ള പ്രദേശമാണ് നാഞ്ചിനാട്. അങ്ങനെയൊരു പേരില്‍ ഇന്ന് ഒരു
പ്രദേശവും നിലനില്‍ക്കുന്നില്ലെങ്കിലും ഇന്നും തെക്കന്‍ തമിഴകഭൂമികയുടെ
സാംസ്കാരിക നാമമെന്നനിലയില്‍ നാഞ്ചിനാട് പരാമര്‍ശിക്കപ്പെടാറുണ്ട്.
നാഞ്ചിനാട്ടെ കുളങ്ങളും നെല്‍വയലുകളും കാവല്‍ദൈവങ്ങളും പുഷ്പമഹിമയുമെല്ലാം ആ
പൈതൃകത്തിന്‍െറ ഭാഗമാണ്. നാഞ്ചിനാട് എന്ന പദത്തിനര്‍ഥം കലപ്പകളുടെ നാട്
എന്നാണ്. ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള ഈ പ്രദേശം ചോളരാജ്യം,
പാണ്ഡ്യരാജ്യം, വിജയനഗരം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്
തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്നത്രെ. നാഞ്ചിനാട്ടിലൂടെയുള്ള ഓരോ
യാത്രയും നമ്മെ ഓരോ കാലത്തെ ഓര്‍മിപ്പിക്കും.യാത്രാവഴി ഇരണിയലിലേക്ക് നീണ്ടു. കന്യാകുമാരിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഇരണിയല്‍. തിരുവനന്തപുരത്തുനിന്നാണെങ്കില്‍ ട്രെയിന്‍ മാര്‍ഗം ഇരണിയല്‍ സ്റ്റേഷനിലെത്താം. നാഞ്ചിനാടിന്‍െറ സാംസ്കാരിക കേന്ദ്രമായിരുന്ന ഇരണിയല്‍ ഒരുകാലത്ത് വേണാടിന്‍െറ ഭരണസിരാകേന്ദ്രമായിരുന്നു. പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് കേവലം നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള വേണാടിന്‍െറ പഴയ രാജധാനിക്കു മുമ്പിലെത്തി. ആ രാജധാനിയുടെ ആദ്യ കാഴ്ചയുടെ ദയനീയതയില്‍തന്നെ യാത്രയുടെ മുഴുവന്‍ ആവേശവും ചോര്‍ന്നുപോയി. പൊന്തക്കാടുകള്‍ക്കുള്ളില്‍ അസ്ഥികൂടം പോലെ ഒരു ചരിത്ര സ്മാരകം; ഇരണിയല്‍ കൊട്ടാരം!
വസന്തമണ്ഡപത്തിലേക്ക്
കന്യാകുമാരി ജില്ലയിലെ തക്കലയിലെത്തി, ഇരണിയല്‍ കൊട്ടാരത്തിലേക്കുള്ള വഴി അവിടത്തെ പാതി മലയാളികളായ നാട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പത്മനാഭപുരം കൊട്ടാരത്തിലേക്കുള്ള വഴി പറഞ്ഞുതരും. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ആ നാട്ടില്‍ ദിനേന നിരവധി ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ഒരു കൊട്ടാരം മാത്രമേയുള്ളൂ. അത് പത്മനാഭപുരം കൊട്ടാരമാണ്. അതിനുംമുമ്പ് ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഈ കൊട്ടാരാവശിഷ്ടത്തെക്കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല.
ദേശീയപാതയില്‍നിന്നു തിരിഞ്ഞ് ഇരണിയല്‍-കാരുങ്കല്‍ റോഡില്‍ നില്‍ക്കുകയായിരുന്ന ഒരാളോട് ഇരണിയല്‍ കൊട്ടാരത്തിലേക്കുളള വഴി ചോദിച്ചപ്പോഴും അങ്ങനെയൊരു അനുഭവമുണ്ടായി. ആ വഴിയില്‍ ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് ആ കൊട്ടാരം. പക്ഷേ, ആ നാട്ടുകാരന് അതറിയില്ല. എന്നുവെച്ച് എല്ലാവരും അങ്ങനെയൊന്നുമല്ല, ചരിത്രസ്മാരകത്തെ തിരിച്ചറിഞ്ഞവരും ആ നാട്ടിലുണ്ട്. കൊട്ടാരത്തിലേക്കുള്ള കാടുപിടിച്ച വഴിയില്‍ പാമ്പിനെ സൂക്ഷിക്കണമെന്ന് ഉപദേശിച്ചത് അതിലൊരാളാണ്.
കൊട്ടാരത്തിന്‍െറ മുഖമണ്ഡപത്തിന്‍െറ ശേഷിപ്പുകള്‍ അവിടെ കാണാം.
പൊന്തക്കാടുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ആ ‘കവാടത്തെ’ പക്ഷേ, തിരിച്ചറിയാന്‍ ഏറെ പ്രയാസം. കാടുകള്‍ വകഞ്ഞുമാറ്റി വേണം അകത്തുകടക്കാന്‍. ചെറിയ മുറികളും ഇടനാഴികളുമൊക്കെയുള്ള പ്രധാന കെട്ടിടമാണവിടെ. ഒരു നാലുകെട്ട്. നാലുകെട്ടിലെ യോഗാ മുറിയും അകത്തളവും വസന്തമണ്ഡപവുമെല്ലാം ഇപ്പോഴും പഴയ വേണാടിന്‍െറ പ്രൗഢിയെ ഓര്‍മിപ്പിക്കുംവിധം നേരിയതോതില്‍ നിലനില്‍ക്കുന്നു. ഒറ്റക്കല്ലില്‍ തീര്‍ത്ത, അഞ്ചടി വീതിയും ആറടി നീളവുമുള്ള കട്ടില്‍ ഇപ്പോഴും അതേമട്ടില്‍ അവശേഷിക്കുന്നു.
ഇടനാഴിയിലൊരിടത്തായി മുകള്‍നിലയിലേക്കുള്ള ഗോവണിയുടെ അവശിഷ്ടങ്ങള്‍ കാണാം. മുകള്‍നിലയിലെ വരാന്തയെക്കുറിച്ചെല്ലാം പുരാവസ്തു രേഖകളിലുണ്ടെങ്കിലും അതൊന്നും നേരിട്ടുകാണാന്‍ നിവൃത്തിയില്ല. ഗോവണി പൂര്‍ണമായും മുകളിലേക്കെത്തുന്നില്ലെന്നതുതന്നെ കാരണം. ഇന്നും ശേഷിക്കുന്നത് ആ ഒറ്റക്കല്‍ കട്ടില്‍ മാത്രം. പൊന്തക്കാടുകളെ അതിജീവിച്ചാല്‍ രേഖകളില്‍ പറയുന്ന കുളവും കാണാം.
ഇരണിയല്‍ കൊട്ടാരത്തിന്‍െറ വാസ്തുവിദ്യാ വിസ്മയത്തിലേക്ക് സൂചനനല്‍കാന്‍ പര്യാപ്തമാണ് ഈ കട്ടില്‍. കട്ടിലിന്‍െറ വശങ്ങളിലായി കല്ലില്‍കൊത്തിയ ചിത്രപ്പണികള്‍ കാണാം. കട്ടിലിനെ പൊതിഞ്ഞിരിക്കുന്ന മേല്‍ക്കൂരയിലെ ചിത്രപ്പണികളും പെയിന്‍റിങ്ങുകളും ഇനിയും പൂര്‍ണമായും മാഞ്ഞിട്ടില്ല. രേഖകളില്‍ കാണുന്ന കുളവും കാടുകളെ കൂടുതല്‍ വകഞ്ഞുമാറ്റിയാല്‍ കാണാം.
വസന്തമണ്ഡപത്തിലെ കെടാവിളക്ക് അവിടെനിന്ന് ആരോ എടുത്തുകൊണ്ടുപോയിരിക്കുന്നു. ഒരു രഹസ്യ തുരങ്കത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കാണാനായില്ല.
ഒരു ചരിത്രത്തിന്‍െറയും സംസ്കാരത്തിന്‍െറയും ഓര്‍മകളെ ഇങ്ങനെ നശിപ്പിച്ചത് ആരാണ്?
അല്‍പം ചരിത്രം
ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഈ കൊട്ടാരം പണിതതെന്ന് കരുതപ്പെടുന്നു. തെക്കെ തേവന്‍ചേരിയില്‍ കോയിക്കല്‍ എന്നായിരുന്നത്രെ കൊട്ടാരത്തിന്‍െറ ആദ്യ നാമം. മതിലകം രേഖകള്‍, തിരുവട്ടാര്‍ ഗ്രന്ഥവരികള്‍ തുടങ്ങിയവയിലെല്ലാം തെക്കെ തേവന്‍ചേരിയില്‍ കോയിക്കലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. മറ്റൊരു ഐതിഹ്യംകൂടി ഈ കൊട്ടാരത്തിനുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ചേരരാജ്യം ഭരിച്ചിരുന്ന പെരുമാളാണ് ഈ കൊട്ടാരം നിര്‍മിച്ചതെന്നും ഇവിടെനിന്നാണ് അദ്ദേഹം കടല്‍കടന്നു പോയതെന്നും പറയപ്പെടുന്നു. ഇതിന് ചരിത്രപരമായ പിന്‍ബലമുണ്ടോ എന്നറിയില്ല. ഏതായാലും, 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്‍െറ പണി പൂര്‍ത്തിയാകുന്നതുവരെ ഇരണിയല്‍ കൊട്ടാരമായിരുന്നു വേണാടിന്‍െറ ഭരണ തലസ്ഥാനം. 1629ല്‍ രവിവര്‍മ കുലശേഖര രാജാവാണ് ഇവിടെനിന്ന് പത്മനാഭപുരത്തേക്ക് തലസ്ഥാനം മാറ്റിയത്. എങ്കിലും, വേണാടിന്‍െറ രണ്ടാം ഭരണകേന്ദ്രമായി ഈ കൊട്ടാരം നിലകൊണ്ടു. രണ്ടു നൂറ്റാണ്ടിനുശേഷം, 1799ല്‍ വേലുത്തമ്പി ദളവ, രാജാ ബാലരാമ വര്‍മക്കും മന്ത്രിജയന്തന്‍ ശങ്കരന്‍ നമ്പൂതിരിക്കുമെതിരെ പടനയിച്ചതും ഇരണിയലില്‍വെച്ചായിരുന്നു. 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടപ്പോള്‍ കന്യാകുമാരിയും പഴയ നാഞ്ചിനാടുമെല്ലാം നമുക്ക് കൈവിട്ടു.
കന്യാകുമാരി ജില്ല കേരളത്തില്‍നിന്ന് വേര്‍പ്പെട്ടെങ്കിലും തിരുവിതാംകൂറുമായി ബന്ധമുള്ള ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ചുപോന്നിരുന്നത് കേരള സര്‍ക്കാര്‍തന്നെയായിരുന്നു. പത്മനാഭപുരം കൊട്ടാരത്തിന്‍െറ ഭരണചുമതല കേരള സര്‍ക്കാറിന്‍െറ പുരാവസ്തുവിഭാഗത്തിനാണ്. ആര്‍ക്കിയോളജി വിഭാഗത്തിന്‍െറ സംരക്ഷണത്തിലുള്ള ഒമ്പത് കൊട്ടാരങ്ങളില്‍ ഒന്നാമതായാണ് പത്മനാഭപുരം കൊട്ടാരത്തെ ഔദ്യാഗിക വെബ്സൈറ്റില്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍, അത്രതന്നെ പ്രാധാന്യമുള്ള ഇരണിയല്‍ കൊട്ടാരം കേരള ആര്‍ക്കിയോളജിയുടെ പട്ടികയിലില്ല. തമിഴ്നാട് സര്‍ക്കാറിന്‍െറ ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബ്ള്‍ എന്‍ഡോവ്്മെന്‍റിന്‍െറ കീഴിലാണ് ഇപ്പോള്‍ ഈ കൊട്ടാരം ‘സംരക്ഷിക്കപ്പെടുന്നത്’.
ഈ കൊട്ടാരത്തിന്‍െറ അവസ്ഥ ഇത്രമേല്‍ ദയനീയമാക്കിയതില്‍ തമിഴ്നാട് സര്‍ക്കാറിന്‍െറ പങ്ക് നിഷേധിക്കാനാവില്ല. കേരള സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ ഇരണിയല്‍ കൊട്ടാരത്തിന്‍െറ ചുമതല കന്യാകുമാരി ദേവസ്വം ബോര്‍ഡിനായിരുന്നു. പിന്നീട്, തമിഴ്നാട് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ ഇത് ഏറ്റെടുക്കുകയും അതിന്‍െറ ഗോഡൗണാക്കി മാറ്റുകയും ചെയ്തു. അവിടന്നങ്ങോട്ടാണ് കൊട്ടാരത്തിന്‍െറ തകര്‍ച്ചയുടെ വേഗംകൂടിയത്.
നവീകരണ ശ്രമങ്ങള്‍
ഇരണിയല്‍ കൊട്ടാരത്തിന്‍െറ ചരിത്രപ്രാധാന്യം മനസ്സിലാക്കി പലപ്പോഴായി അതിനെ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. 2005ല്‍, കൊട്ടാരത്തിന്‍െറ നവീകരണം നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനായി രണ്ടു കോടിയോളം രൂപയും നീക്കിവെച്ചു. കേരള ആര്‍ക്കിയോളജി വകുപ്പിന്‍െറ നേതൃത്വത്തിലും ചില ശ്രമങ്ങളൊക്കെ നടന്നു. 2001-04 കാലത്ത് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ജഗ്മോഹന് കൊട്ടാരത്തിന്‍െറ നവീകരണം സംബന്ധിച്ച് ഒരു രൂപരേഖ കേരളം സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജിന്‍െറ (INTACH) നിര്‍ദേശ പ്രകാരം തയാറാക്കിയതായിരുന്നു അത്. കൊട്ടാരത്തിന്‍െറ പഴയ ഫോട്ടോഗ്രാഫുകള്‍ ശേഖരിച്ച് കഴിയുംവിധമുള്ള നവീകരണം നടത്തി, മ്യൂസിയമാക്കി മാറ്റണമെന്നായിരുന്നു അതിലൊരു പ്രധാന നിര്‍ദേശം. കേരള, തമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായി കൊട്ടാരം നവീകരിക്കാന്‍ തയാറായാല്‍, അതിനുള്ള സാങ്കേതികസഹായം നല്‍കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്റ്റ്സ് കേരള ചാപ്റ്ററും പ്രഖ്യപിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.
ഇരണിയല്‍ കൊട്ടാരത്തിന്‍െറ 80കളില്‍ പകര്‍ത്തിയ ഒരു ചിത്രം സര്‍വവിജ്ഞാനകോശത്തില്‍ കാണാം. അതിലും എത്രയോ ദയനീയമാണ് ഈ കൊട്ടാരത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥ. ഇവിടെനിന്ന് വാസ്തുവിദ്യാപരമായി ഏറെ പ്രാധാന്യമുള്ള പലതും ആളുകള്‍ അപഹരിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. അപൂര്‍വ ദാരുശില്‍പങ്ങളടക്കം ഒരു ചരിത്രത്തെത്തന്നെ രേഖപ്പെടുത്താന്‍ മതിയായ പല വിഭവങ്ങളും ഇങ്ങനെ കടല്‍കടന്നിട്ടുണ്ടത്രെ. ബാക്കിയുള്ളവ കാലാവസ്ഥയെ പ്രതിരോധിക്കാനാകാതെ കാലത്തിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു.
അധികാരികളില്‍നിന്ന് ഇച്ഛാശക്തിയുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഒരു ചരിത്രം.
NB: ഇപ്പോള്‍ ഈ ചിത്രങ്ങളില്‍ കാണുന്ന പോലെ അല്ല ഈ കൊട്ടാരത്തിന്റെ അവസ്ഥ .ഈ ചിത്രങ്ങള്‍ പോലും ഇപ്പോള്‍ ചരിത്രം ആയി മാറി കഴിഞ്ഞു .2004 ,2006 , 2009 തുടങ്ങിയ വര്‍ഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ എനിക്ക് ശേഘരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് .ഇതില്‍ ഉള്ള ചിത്രങ്ങള്‍ ഞാന്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ശേഘരിച്ചവയാണ്.അതിനാല്‍ തന്നെ അതില്‍ ഉള്ള വാട്ടര്‍ മാര്‍ക്കുകള്‍ ഞാന്‍ അതുപോലെ നില നിര്‍ത്തിയിരിക്കുന്നു .അത്ഭുതം ഉളവാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി സൂക്ഷിച്ചിരിക്കുന്നു അത് കാണുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
നല്ല പോസ്റ്റ്
ReplyDeleteനശിപ്പിക്കാനല്ലാതെ സംരക്ഷിക്കാന്‍ എന്നെങ്കിലും പഠിച്ച് തുടങ്ങിയിരുന്നെങ്കില്‍....
കൊട്ടാരം സന്ദർശിക്കാൻ ആഗ്രഹമുണ്ട്.
ReplyDeleteകൊട്ടാരം സന്ദർശിക്കാൻ ആഗ്രഹമുണ്ട്.
ReplyDelete